സ്‌പെഷ്യൽ പ്ലീഡർ നിയമനത്തിൽ മലക്കം മറിഞ്ഞ് കെ മുരളീധരൻ; പ്രതിരോധത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യൽ പ്ലീഡറായി നിയമിച്ച വിവാദത്തിൽ നിലപാട് മാറ്റി മന്ത്രി കെ മുരളീധരൻ. ഭക്തജനങ്ങൾക്ക് പ്രയാസവും ആശങ്കയും ഉണ്ടായ സാഹചര്യത്തിലാണ് കെ ബി പ്രദീപിനോട് മുഖ്യമന്ത്രി വി ഡി സതീശൻ രാജി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. നല്ല ഉദ്ദേശത്തോടെയാണ് നിയമനം നടത്തിയതെന്നും ഇതിന്റെ ഉത്തരവാദിത്തം താനടക്കമുള്ള ക്യാബിനറ്റിന് മുഴുവനുമുണ്ടെന്നും ഒരാളുടെ തലയിൽ മാത്രം കെട്ടിവെക്കുന്ന ഏർപ്പാട് യുഡിഎഫിൽ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ പ്ലീഡർ മുൻപ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായതിനാൽ അവരുടെ ബലഹീനതകൾ നന്നായി അറിയാമെന്നും അത് കേസിനെ സഹായിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി നൽകിയ വിശദീകരണം. ഇതാണ് ഇപ്പോൾ തിരുത്തിയത്.
അതേസമയം സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നിപ രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ വന്ന ചില ആശയക്കുഴപ്പങ്ങൾ കളക്ടറുടെ പരിചയക്കുറവ് കൊണ്ടാണെന്നും, നിലവിൽ സാഹചര്യം പൂർണ്ണമായി നിയന്ത്രണവിധേയമാണെന്നും പ്രതിരോധ സംവിധാനങ്ങൾ ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.