പിണറായിയുടെ ഐശ്വര്യമാണ് ചെന്നിത്തല; പ്രതിപക്ഷം നിർഗുണമായെന്ന് കെ സുരേന്ദ്രൻ
ഇന്നലെ നടന്ന നിയമസഭാ സമ്മേളനവും അവിശ്വാസ പ്രമേയ ചർച്ചയും പ്രഹസന്നമായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രതിപക്ഷത്തിന് തലച്ചോറിന്റെ അഭാവമുണ്ട്. യുദ്ധത്തിൽ സർക്കാരിനെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.
സ്വർണക്കടത്തിലോ അഴിമതിയിലോ മുഖ്യമന്ത്രിയുടെ മറുപടിയുണ്ടായില്ല. ലൈഫ് മിഷൻ ചട്ടലംഘനത്തിലും ഉത്തരമുണ്ടായില്ല. മന്ത്രി കെ ടി ജലീലിന്റെ പൊള്ളയായ വിശദീകരണം മുഖ്യമന്ത്രി ആവർത്തിക്കുകയായിരുന്നു.
രാവിലെ കല്യാണം വൈകിട്ട് മൊഴി ചൊല്ലൽ എന്ന അവസ്ഥയാണ് പ്രതിപക്ഷത്തിന്. രാവിലെ വിമാനത്താവള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പിന്നീട് അവിശ്വാസം രേഖപ്പെടുത്തി. പ്രതിപക്ഷം നിർഗുണമായി മാറി. പ്രതിപക്ഷത്തിന് സർക്കാരിന് നേരിടാനുള്ള ത്രാണിയില്ല. പിണറായിയുടെ ഐശ്വര്യമാണ് ചെന്നിത്തലയെന്നും സുരേന്ദ്രൻ പറഞ്ഞു.