കാഫിർ സ്ക്രീൻഷോട്ട്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി; രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതിയെ രണ്ട് ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ ഒന്നും വെളിവായിട്ടില്ലെന്നും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലായയാളെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ ഉറവിടം കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും എസ്.ഐ.ടി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജിതിനെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം ഉൾപ്പെടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ജിതിനാണ് സ്ക്രീൻ ഷോട്ട് നിർമിച്ചത് എന്നതിന് തെളിവില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
തെളിവുകൾ മുഴുവൻ മായ്ച്ചുകളഞ്ഞ സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യംചെയ്ത് ഉറവിടം പുറത്തുകൊണ്ടുവരാനാണ് ശ്രമം. ജിതിൻ ഭാസ്കരന്റെ അറസ്റ്റിന് പിന്നാലെ പ്രതിരോധം തീർത്ത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തുവന്നിട്ടുണ്ട്. യു.ഡി.എഫ് ഗൂഢാലോചനയാണ് ജിതിന്റെ അറസ്റ്റിന് പിന്നിലെന്നാണ് ആരോപണം.