കാഫിർ സ്ക്രീൻഷോട്ട് കേസ്: പി.കെ കാസിമിന് ക്ലീൻ ചിറ്റ്; പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി എസ്.ഐ.ടി കോടതിയിൽ റിപ്പോർട്ട് നൽകി
വടകര: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ പി.കെ കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് പൂർണ്ണമായി ഒഴിവാക്കി. വിവാദമായ കാഫിർ പോസ്റ്റ് ഇട്ടത് പി.കെ കാസിമല്ലെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) വടകര മജിസ്‌ട്രേറ്റ് കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
കാസിമിന്റെ ഫോൺ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ ഫലവും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ ഫോൺ പരിശോധനാ ഫലത്തിൽ കാസിമിന് അനുകൂലമായ തെളിവുകളാണ് ഉള്ളത്. സംഭവത്തിൽ കാസിമിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമായതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ പോലീസ് തീരുമാനിച്ചത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തലേന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ ശൈലജയ്‌ക്കെതിരെ വർഗീയ പരാമർശമുള്ള കാഫിർ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് കാസിം നിർമ്മിച്ചതാണെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്തെത്തുകയും തുടർന്ന് പോലീസ് കാസിമിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാൽ പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സി.പി.എം അനുകൂല സൈബർ പേജുകളിലും ഡി.വൈ.എഫ്.ഐ നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലുമാണെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കറിനെ എസ്.ഐ.ടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.