ബാലഭാസ്‌കറിന്റെ മരണം: കലാഭവൻ സോബിയെ നുണപരിശോധനക്ക് വിധേയമാക്കും

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെയും പ്രകാശ് തമ്പിയെയും നുണപരിശോധനക്ക് വിധേയമാക്കാൻ സിബിഐ തീരുമാനം. ഇതിനായി കോടതിയുടെ അനുമതി തേടും. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി
 

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെയും പ്രകാശ് തമ്പിയെയും നുണപരിശോധനക്ക് വിധേയമാക്കാൻ സിബിഐ തീരുമാനം. ഇതിനായി കോടതിയുടെ അനുമതി തേടും. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി നടത്തിയ വെളിപ്പെടുത്തലുകൾക്ക് അടിസ്ഥാനമില്ലെന്ന് സിബിഐ കരുതുന്നു

വിശ്വാസയോഗ്യമല്ലാത്ത പല വാദങ്ങളും സോബി ഉയർത്തിയിരുന്നു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത് പലരെയും കണ്ടുവെന്നും വാഹനം വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു എന്നുമൊക്കെയായിരുന്നു സോബിയുടെ ആരോപണം.

എന്നാൽ അപകടം നടന്ന സ്ഥലത്തിന് അടുത്ത് താമസിക്കുന്ന വീട്ടുകാരുടെ മൊഴിയും സിബിഐ എടുത്തിരുന്നു. ഇവരാണ് അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തുന്നത്. പുറത്തു നിന്നുള്ളവരുടെ ഇടപെടൽ ഇല്ലെന്നും സിബിഐ അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് സോബിയെ നുണപരിശോധനക്ക് വിധേയമാക്കുക.

ബാലഭാസ്‌കറിന്റെ മാനേജരായിരുന്നു പ്രകാശ് തമ്പി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി കൂടിയാണ് ഇയാൾ. യാത്രക്കിടെ ബാലഭാസ്‌കറും സംഘവും ഒരു കടയിൽ കയറി ജ്യൂസ് കഴിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രകാശൻ തമ്പി ഈ കടയിൽ നിന്ന് ശേഖരിച്ചു. ഇതാണ് ഇയാളെ സംശയത്തിൽ നിർത്താൻ കാരണം. എന്നാൽ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെട്ടതിനാലാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതെന്നാണ് പ്രകാശൻ തമ്പിയുടെ മൊഴി