{"vars":{"id": "89527:4990"}}

കള്ളാടി മണ്ണിടിച്ചിൽ: കാണാതായ അഞ്ചുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു; തിരച്ചിൽ ഊർജ്ജിതം

 

വയനാട്: മേപ്പാടി കള്ളാടി ആനക്കാംപൊയിൽ ടണൽ റോഡ് നിർമാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രക്ഷാ പ്രവര്‍ത്തകര്‍ ഇന്നു കാലത്ത് തിരച്ചില്‍ പുനരാരംഭിച്ചതിനിടെയാണ് മണ്ണിനടയില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതായ അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

​അപകടത്തിൽപ്പെട്ട മറ്റുള്ളവർക്കായി ദേശീയ ദുരന്ത പ്രതികരണ സേന (NDRF), ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് വിപുലമായ തിരച്ചിൽ തുടരുകയാണ്. കനത്ത മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ മണ്ണുമാന്തി യന്ത്രങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെയും രംഗത്തിറക്കിയിട്ടുണ്ട്.

​പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപം ടണൽ നിർമാണത്തിനായി ഖനനം ചെയ്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണാണ് കനത്ത മഴയെത്തുടർന്ന് ഇടിഞ്ഞു വീണത്. സുരക്ഷ മുൻനിർത്തി ദുരന്തബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കാണാതായ ബാക്കി തൊഴിലാളികൾക്കായുള്ള തിരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.