പിണറായിയെയും മന്ത്രിമാരെയും സ്വതന്ത്രമായി പ്രവർത്തിപ്പിക്കില്ല; ഗവർണർക്കെതിരായ അതിക്രമങ്ങൾ സർക്കാരിന്റെ ഒത്താശയോടെയെന്ന് കെ സുരേന്ദ്രൻ

തുടർച്ചയായി ഗവർണറെയും കർണാടക മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കരിങ്കൊടി കാണിക്കാനും ശാരീരികമായി ഉപദ്രവിക്കുന്നതിലേക്കുമാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ പിണറായി വിജയനും മന്ത്രിമാർക്കും കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി
 

തുടർച്ചയായി ഗവർണറെയും കർണാടക മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കരിങ്കൊടി കാണിക്കാനും ശാരീരികമായി ഉപദ്രവിക്കുന്നതിലേക്കുമാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ പിണറായി വിജയനും മന്ത്രിമാർക്കും കേരളത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ

ഭരണകക്ഷിയും പ്രതിപക്ഷവും പ്രകോപനപരമായ നിലപാടുമായാണ് മുന്നോട്ടു പോകുന്നത്. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ഗവർണർക്കെതിരെ സിപിഎം ഫാസിസ്റ്റ് രീതിയിലുള്ള പ്രതിഷേധമാണ് തുടരുന്നത്. കണ്ണൂരിൽ ഗവർണർക്ക് നേരെ നടന്നത് ജനാധിപത്യ പ്രതിഷേധമല്ല. സംസ്ഥാനത്ത് പ്രകോപനമുണ്ടാക്കാനാണ് പ്രതിപക്ഷവും ഭരണകക്ഷിയും ശ്രമിക്കുന്നത്.

അതിക്രമം നടത്തുന്നവർക്കെതിരെ പിണറായി സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ഗവർണർക്ക് മതിയായ സുരക്ഷ ഒരുക്കുന്നില്ല. ഗവർണർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സർക്കാരിന്റെ ഒത്താശയോടെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.