{"vars":{"id": "89527:4990"}}

കണ്ണൂരിൽ സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ
 

 

കണ്ണൂർ പാറക്കണ്ടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. തോട്ടട സമാജ് വാദി നഗറിലെ ശെൽവിയെയാണ്(50) ഇന്നലെ രാവിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടത്. ഇവരുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു

പോലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ ശശിയെ കസ്റ്റഡിയിലെടുത്തു. രാത്രിയിൽ ശെൽവിയെ ഇയാൾക്കൊപ്പം കണ്ടിരുന്നതായി സാക്ഷിമൊഴിയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇത് സ്ഥിരീകരിച്ചു. തുടർന്നാണ് പോലീസ് ശശിയെ കസ്റ്റഡിയിലെടുത്തത്. 

നഗരത്തിൽ ആക്രി ശേഖരിച്ച് വിൽക്കുന്നയാളാണ് ശെൽവി. രാത്രികാലങ്ങളിൽ കടവരാന്തയിലാണ് ഉറങ്ങാറുള്ളത്. ആക്രി പെറുക്കി ജീവിക്കുന്ന ശശി കുറച്ചുകാലമായി ശെൽവിക്കൊപ്പമായിരുന്നു. തിങ്കളാഴ്ച രാത്രി ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ശെൽവിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ശശി സ്ഥലം വിടുകയായിരുന്നു.