കരിപ്പൂർ സ്വർണവേട്ട: പോലീസ് നിയമവിരുദ്ധമായി ശരീര പരിശോധന നടത്തുന്നുവെന്ന് കസ്റ്റംസ്
സ്വർണം പിടിക്കലുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തുന്നതായി കസ്റ്റംസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റംസ് അസി. കമ്മീഷണർക്കോ മജിസ്‌ട്രേറ്റിനോ മാത്രമാണ് ശരീര പരിശോധനക്ക് അനുമതി നൽകാൻ അധികാരമുള്ളു. ഇത് മറികടന്നാണ് കരിപ്പൂർ പോലീസിന്റെ നടപടിയെന്നും കസ്റ്റംസ് കുറ്റപ്പെടുത്തുന്നു
കസ്റ്റംസിന്റെ അധികാരപരിധിയിലെ സ്ഥലത്ത് നിന്നും പോലീസ് സ്വർണം പിടികൂടിയെന്നും സത്യവാങ്മൂലം പറയുന്നു. ഒരാൾ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്നതായി സംശയം തോന്നിയാൽ അയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയാണ് വേണ്ടതെന്നാണ് കസ്റ്റംസ് നിയമം.
മജിസ്‌ട്രേറ്റാണ് എക്‌സ്‌റേ എടുക്കാൻ അനുമതി നൽകുന്നതും ഇത് പരിശോധിച്ച ശേഷം ശരീര പരിശോധനക്ക് അനുമതി നൽകുന്നതും. അത്യാവശ്യഘട്ടത്തിൽ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കും ശരീര പരിശോധനക്ക് അനുമതി നൽകാം. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ പോലീസന് ഒരു ഘട്ടത്തിലും ശരീര പരിശോധന നടത്താൻ അനുമതിയില്ലെന്നും കസ്റ്റംസ് പറയുന്നു.