കരുവന്നൂർ കള്ളപ്പണ ഇടപാട്: ആരോപണവിധേയരായ എല്ലാവർക്കുമെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം
Apr 11, 2025, 17:13 IST
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. ഇ ഡിയുടെ അന്വേഷണ പരിധിയിലുള്ള മുഴുവൻ ആളുകൾക്കും എതിരെ അന്വേഷണം നടത്തണം. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ആരെയും രക്ഷിക്കാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശം നൽകി. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. ഹർജി ജൂലൈയിൽ വീണ്ടും പരിഗണിക്കും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഹൈക്കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ആളുകളെ കൊള്ളയടിച്ച സംഭവമല്ലേയെന്നും കോടതി ഇന്നലെ നടന്ന വാദത്തിൽ ചോദിച്ചു. ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ട്. ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഇതിനിടെ മുൻമന്ത്രി എ സി മൊയ്തീൻ, സിപിഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരടക്കം 20 പേരെ പ്രതി ചേർക്കാൻ ഇഡിക്ക് അനുമതി ലഭിച്ചു. ക്രമക്കേടിലൂടെ ലോൺ തരപ്പെടുത്തിയവരടക്കം 80ലേറെ പേർ കേസിലെ പ്രതികളാകും.