{"vars":{"id": "89527:4990"}}

കാസർഗോഡ് 16 കാരിയെ വിവാഹം കഴിച്ച് 28 കാരൻ; നാലു പേർക്കെതിരേ കേസ്

 

കാസർഗോഡ് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം. 16 വയസുകാരിയെ ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്കാണ് വിവാഹം കഴിച്ചത്. സംഭവത്തിൽ കോടതി നിർദേശ പ്രകാരം വരനുൾപ്പെടെ 4 പേർക്ക‌െതിരേ പൊലീസ് കേസെടുത്തു. ഈ മാസം 13 ന് അഴിക്കാൽ ജുമാമസ്ജിദിൽ വച്ചായിരുന്നു വിവാഹം.

പ്രദേശവാസികൾ ചൈൽഡ് ലൈനിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. ഉടൻ തന്നെ റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിക്കുകയും കോടതി കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്യുകയായിരുന്നു.

വരൻ സാബിർ ഷെയ്ക്ക്, പെൺകുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.കെ. താജുദ്ദീൻ, വിവാഹം നടത്തിയ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.