എട്ട് ദിവസത്തിനിടെ യാത്ര ചെയ്തത് മൂന്ന് ജില്ലകളിൽ; കല്യാണം, പാലുകാച്ചൽ, തൊട്ടിൽകെട്ടൽ അടക്കം നിരവധി ചടങ്ങുകളും, കാസർകോട്ടെ രോഗബാധിതന്റെ റൂട്ട് മാപ്പ്

കാസർകോട് കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കരിപ്പൂരിൽ വിമാനമിറങ്ങിയ മാർച്ച് 11 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 19 വരെയുള്ള റൂട്ട്
 

കാസർകോട് കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കരിപ്പൂരിൽ വിമാനമിറങ്ങിയ മാർച്ച് 11 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 19 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ചില വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതില്ലാതെയാണ് റൂട്ട് മാപ്പ് പുറത്തുവിട്ടത്.

മുപ്പതിലധികം സ്ഥലങ്ങളിലാണ് എട്ട് ദിവസത്തിനിടെ ഇയാൾ സന്ദർശിച്ചത്. കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം എയർപോർട്ട് ജംഗ്ഷനിലെ റൂം സാഹിർ റസിഡൻസിയിലേക്ക് പോയി. ഇവിടെ 603ാം നമ്പർ റൂമിൽ താമസിച്ചു. ചാടക്കടയിൽ നിന്ന് ചായ കുടിച്ച് വീണ്ടും വിമാനത്താവളത്തിലേക്ക് പോയി

മൈത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് സാഹിർ റസിഡൻസിയിൽ തിരിച്ചെത്തി. പിന്നീട് വീണ്ടും വിമാനത്താവളത്തിലും പിന്നീട് തിരിച്ചും പോയി. അടുത്ത ദിവസം ഓട്ടോയിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തി. മാവേലി എക്‌സ്പ്രസിൽ കാസർകോടേക്ക് യാത്ര ചെയ്തു

വീട്ടിലെത്തിയ ശേഷം വൈകിട്ട് ഗ്രീൻ സ്റ്റാർ ക്ലബ്ബിൽ ചെന്നു. 13ന് കുട്ടികൾക്കൊപ്പം ഫുട്‌ബോൾ കളിച്ചു. ഏരിയാലിലെ ബാർബർ ഷോപ്പിലെത്തി മുടി മുറിച്ചു. സുഹൃത്തിന്റെ വീട്ടിൽ സന്ദർശനം നടത്തി. ഉച്ചയ്ക്ക് ഏരിയായിൽ ജുമുഅ നിസ്‌കരിച്ചു. സിപിസിആർഐക്ക് എതിർവശത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചു. എസ് ബി ഐ ബാങ്കിൽ പോയ ശേഷം വൈകിട്ട് ഗ്രീൻ സ്റ്റാർ ക്ലബ്ബിലെത്തി

14ന് മഞ്ഞത്തടുക്കയിൽ കല്യാണത്തിൽ പങ്കെടുത്തു. രാത്രി പെട്രോൾ പമ്പിൽ പോയി. അതിന് ശേഷം അടൂരിലെ ഒരു വീട്ടിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തു. 15ന് ഇതേ സ്ഥലത്ത് വിവാഹ ശേഷമുള്ള സൽക്കാരത്തിൽ പങ്കെടുത്തു. 16ന് പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തു. അതിന് ശേഷം കുളങ്ങരയിൽ തൊട്ടിൽകെട്ടൽ ചടങ്ങിന് പോയി. 19ന് ആശുപത്രിയിൽ അഡ്മിറ്റായി