{"vars":{"id": "89527:4990"}}

കേരളാ കോൺഗ്രസ് എമ്മിന്റെ നിലപാട് ഇടതുപക്ഷത്തിനൊപ്പമാണ്; ഞങ്ങളെ ഓർത്ത് ആരും കരയണ്ടെന്നും ജോസ് കെ മാണി
 

 

ഇടതുപക്ഷത്തിനൊപ്പമെന്ന് നിലപാട് വ്യക്തമാക്കി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ മാണി. കേരളാ കോൺഗ്രസ് എം യുഡിഎഫിനൊപ്പം പോകുമെന്ന അഭ്യൂഹം കുറച്ച് ദിവസങ്ങളായി നിലനിൽക്കുന്നുണ്ട്. ഇതിൽ വ്യക്തത വരുത്തുകയായിരുന്നു ജോസ് കെ മാണി

കേരളാ കോൺഗ്രസിന് ഒറ്റ നിലപാടേയുള്ളു. അത് ഇടതുപക്ഷത്തിനൊപ്പമാണ്. അക്കാര്യം എല്ലാ ദിവസവും വിശദീകരിക്കേണ്ടതില്ല. അഞ്ച് വർഷം മുമ്പ് യുഡിഎഫിൽ നിന്ന് ഞങ്ങളെ പുറത്താക്കിയതാണ്. ഇതിന് ശേഷം ഇടതുപക്ഷത്തിനൊപ്പം പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. ആ നിലപാട് ഉറച്ചതാണെന്നും ജോസ് കെ മാണി പറഞ്ഞു

ദുബൈയിൽ അത്യാവശ്യ സാഹചര്യത്തിൽ പോകേണ്ടി വന്നതിനാലാണ് എൽഡിഎഫിന്റെ സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത്. അക്കാര്യം മുഖ്യമന്ത്രിയെയും മുന്നണി നേതാക്കളെയും അറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ അഞ്ച് എംഎൽഎമാരും സമരപരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. 

പലയിടങ്ങളിൽ നിന്നും ക്ഷണം വരുന്നുണ്ട്. ഒരുകാര്യം ഉറപ്പാണ്. കേരളാ കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണം ഉണ്ടാകുമെന്ന് ഉറപ്പാണ്. വിശുദ്ധ ഗ്രന്ഥത്തിൽ യേശുക്രിസ്തു പറയുന്നതു പോലെ ഞങ്ങളെ ഓർത്ത് ആരും കരയണ്ട. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ തന്നെയായിരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു 

റോഷി അഗസ്റ്റിനുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇന്ന് കൂടി അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ പറഞ്ഞിട്ട് തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞു