{"vars":{"id": "89527:4990"}}

​കേരളം അതിവേഗ ട്രാക്കിലേക്ക്; തിരുവനന്തപുരം-കണ്ണൂർ യാത്ര ഇനി 3 മണിക്കൂർ: ചെലവ് 60,000 കോടി

 

തിരുവനന്തപുരം: അതിവേഗ റെയില്‍പാത പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയ ഡിപിആറിലെ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയ്ക്ക് അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ റെയിലിന് എതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധം മുന്നില്‍ നില്‍ക്കെ, ജനകീയ പങ്കാളിത്തത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് ഡിപിആറില്‍ പറയുന്നത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയാകും പദ്ധതി പൂര്‍ത്തീകരിക്കുക.

പൂജപ്പുര മുതല്‍ കണ്ണൂര്‍ വരെ 22 സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള യാത്രാസമയം മൂന്നര മണിക്കൂറായിരിക്കും. 12 ബോഗികളുള്ള ട്രെയിനില്‍ ഒരേസമയം 800 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. നാല് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിപിആര്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി രണ്ടാഴ്ച്ചത്തെ സാവകാശം ചോദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. വെള്ളിയാഴ്ചയായിരുന്നു ഇ ശ്രീധരനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള കൂടിക്കാഴ്ച. സെക്രട്ടേറിയറ്റില്‍വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. പൊന്നാനി എംഎല്‍എ കെ പി നൗഷാദലിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 24ന് വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പദ്ധതി ഇ ശ്രീധരന്‍ അവതരിപ്പിച്ചത്. സ്റ്റേഷനുകള്‍ അടക്കം വിശദമായ പ്ലാന്‍ ആയിരുന്നു ഇ ശ്രീധരന്‍ അവതരിപ്പിച്ചത്. പതിനാല് സ്റ്റേഷനായിരിക്കും ആദ്യ പ്ലാനെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞത്. അത് പിന്നീട് 22 ആയി ഉയര്‍ത്തുമെന്നും ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം(കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്റ്റേഷനുകള്‍. എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷന്‍ വരിക. കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്നാണ് പഠനം കണ്ടെത്തിയതെന്നും അതുകൊണ്ട് കാസര്‍കോട് ഒഴിവാക്കിയതെന്നും ശ്രീധരന്‍ വിശദീകരിച്ചിരുന്നു.

പാലം തൂണുകളുടെ പണി കഴിഞ്ഞാല്‍ ആ സ്ഥലം പിന്നീട് ആവശ്യമുണ്ടാകില്ലെന്നും മുഴുവന്‍ തുക നല്‍കിയാണ് ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുകയെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. പണി പൂര്‍ത്തിയായാല്‍ റെയില്‍വേക്ക് ആ ഭൂമി ആവശ്യമില്ല. അത് ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരികെ നല്‍കും. ചെറിയ തുക വര്‍ഷം തോറും റെയില്‍വേക്ക് നല്‍കേണ്ടി വരും. 70 ശതമാനം എലിവേറ്റഡാകും പാത. 20 ശതമാനം ടണലായിരിക്കും. അതുകൊണ്ട് ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലം ഏറ്റെടുപ്പ്. ടണല്‍ ആണെങ്കിലും ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുക്കുന്ന ചുമതല സംസ്ഥാനത്തിനായിരിക്കും. ആകെ 430 കിലോമീറ്ററായിരിക്കും ദൂരം. നാല് ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി ഒരേ സമയം പ്രവര്‍ത്തി നടത്തിയാല്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.