കോവിഡ് രൂക്ഷം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11നു മുകളില്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 11നു മുകളില് എത്തിയിട്ടുണ്ട്. പരിശോധന നടത്തിയ സാമ്പിളുകളുടെ എണ്ണം കുറച്ചപ്പോഴാണിത് എന്നതും രോഗ
 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 11നു മുകളില്‍ എത്തിയിട്ടുണ്ട്. പരിശോധന നടത്തിയ സാമ്പിളുകളുടെ എണ്ണം കുറച്ചപ്പോഴാണിത് എന്നതും രോഗ വ്യാപനത്തിന്റെ രൂക്ഷതയാണ് കാണിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 5659 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11.07 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ച 60,315 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 6293 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10.43 ശതമാനം ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. 20 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 3663 ആയി.

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയന്ത്രണങ്ങളിലെ ഇളവ് രോഗ വ്യാപനത്തിനു കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതോടൊപ്പം പ്രതിദിന പരിശോധന ഒരു ലക്ഷം ആക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.

നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും രോഗ വ്യാപനത്തിന് കാരണമായെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമം.

വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. ടെസ്റ്റുകളില്‍ 75 ശതമാനം ആര്‍.ടി.പി.സി.ആര്‍. പരിശോധനയായിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും ടെസ്റ്റ് ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാര്‍ഡുതല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പുനസ്സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേ സമയം 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. 20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍ നിന്നുമാണ്. തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്‌ക്ക് ധരിക്കാത്തവര്‍. രോഗലക്ഷണമൊന്നുമില്ലാത്തവരില്‍ നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ 5 ശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണെന്നും പഠനം പറയുന്നു.