കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നും സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
അടുത്ത അഞ്ചുവർഷം കൊണ്ട് 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകുമെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനം ആക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. തെരുവുനായ ശല്യം ഇല്ലാതാക്കുമെന്നും തെരുവ് നായ്ക്കളെ കൂട്ടായി പാർപ്പിക്കാൻ സങ്കേതങ്ങൾ ഉണ്ടാക്കുമെന്നും പ്രകടന പത്രിക പ്രഖ്യാപിക്കുന്നു.
ഓരോ തദ്ദേശസ്ഥാപനത്തിലും സങ്കേതങ്ങൾ സൃഷ്ടിക്കും.സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആയിരിക്കും നടപടിയെന്നും പ്രകടന പത്രികയിൽ പറയുന്നു. ലഹരിവിരുദ്ധ പ്രചാരണവും പ്രകടന പത്രികയിലുണ്ട്. എല്ലാവർക്കും ക്ഷേമവും വികസനവും പ്രകടന പത്രിക ഉറപ്പ് നൽകുന്നു.