കെ എം ബഷീറിന്റെ മരണം: ശ്രീറാം വാഹനമോടിച്ചത് 120 കിലോമീറ്റർ വേഗതയിലെന്ന് ഫോറൻസിക് ഫലം

മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കൂടുതൽ തെളിവുകൾ. അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്ന വാഹനം 120
 

മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കൂടുതൽ തെളിവുകൾ. അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്ന വാഹനം 120 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് ഫോറൻസിക് സയൻസ് ലാബിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വെള്ളയമ്പലം കെ എഫ് സിക്ക് മുന്നിലുള്ള സിസിടിവി ദൃശ്യം പരിശോധിച്ചതുപ്രകാരമാണ് വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് ഫിസിക്‌സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോർട്ടുകൾ അന്വേഷണ സംഘത്തിന് കൈമാറി. ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തം കെ എം ബഷീറിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാൻ അന്വേഷണ സംഘം ഫോറൻസിക് ലാബിൽ നൽകിയിരുന്ന ദൃശ്യം അവ്യക്തമായിരുന്നു. അപകടസ്ഥലത്ത് നിന്ന് ഒട്ടേറെ വസ്തുക്കൾ ശേഖരിച്ചിരുന്നുവെങ്കിലും അന്വേഷണ സംഘം ഇത് പൂർണമായും ലാബിലേക്ക് അയച്ചിരുന്നില്ല

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിനെ ശ്രീറാം കാറിടിച്ച് കൊലപ്പെടുത്തുന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്നു കെ എം ബഷീർ. കൊല്ലത്ത് നടന്ന മീറ്റിങ്ങിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി ഓഫീസിലേക്ക് പോകും വഴിയാണ് ശ്രീറാം ഓടിച്ച കാർ ബഷീറിനെ ഇടിച്ചു തെറിപ്പിക്കുന്നത്.

സംഭവസമയത്ത് ശ്രീറാമിനൊപ്പം ഒരു യുവതിയുണ്ടായിരുന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. കാർ ഓടിച്ചത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ കാർ ഓടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും വഫ പോലീസിന് മൊഴി നൽകിയിരുന്നു.