{"vars":{"id": "89527:4990"}}

കൂടത്തായി റോയ് വധക്കേസ്: 130-ലേറെ സാക്ഷികളുടെ വിസ്താരം പൂർത്തിയായി; വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്

 

കോഴിക്കോട്: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ് തോമസ് വധക്കേസിന്റെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരിദാസനെ വിസ്തരിക്കുന്നതോടെ കോടതിയിലെ വിചാരണ നടപടികൾ ഏകദേശം പൂർത്തിയാകും.

​കേസിൽ ഇതുവരെ 130-ലധികം സാക്ഷികളെയാണ് കോടതി വിശദമായി വിസ്തരിച്ചത്. മുഖ്യപ്രതിയായ ജോളി ജോസഫ് ഉൾപ്പെട്ട ആറ് കൊലപാതക കേസുകളിൽ ഏറ്റവും ആദ്യമായി വിധി വരിക റോയ് തോമസ് വധക്കേസിലായിരിക്കും.

​2011 സെപ്റ്റംബറിലാണ് ജോളിയുടെ ആദ്യ ഭർത്താവായിരുന്ന റോയ് തോമസ് സയനൈഡ് ഉള്ളിൽച്ചെന്ന് മരണപ്പെടുന്നത്. കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യമായി വിചാരണ ആരംഭിച്ചതും ഈ കേസിലാണ്. കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്. വിചാരണയുടെ അവസാന ഘട്ട സാക്ഷിവിസ്താരങ്ങൾ പൂർത്തിയാകുന്നതോടെ കേസ് അന്തിമ വാദത്തിലേക്ക് കടക്കും.