കോഴിക്കോട് യുവദമ്പതികളെ ആക്രമിച്ച സംഭവം; അക്രമികളെ തിരിച്ചറിഞ്ഞതായി അശ്വിൻ
 

 

കോഴിക്കോട് നഗരമധ്യത്തിൽ ഇന്നലെ രാത്രി തന്നെയെയും ഭാര്യയെയും ആക്രമിച്ച സംഘത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി മർദനമേറ്റ ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിൻ. കേസിൽ അഞ്ച് പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ ഒരാളാണ് തങ്ങളെ ആക്രമിച്ചതെന്നും അസഭ്യം പറഞ്ഞതെന്നും അശ്വിൻ അറിയിച്ചു. മറ്റുള്ളവർ അയാളെ പിടിച്ചുവെച്ചവരാണ്. 

തന്റെ മുഖത്തിനാണ് അടിയേറ്റത്. പരാതിയുമായി ആദ്യം പോയത് പോലീസ് കൺട്രോൾ റൂമിലേക്കാണ്. എന്നാൽ നടക്കാവ് സ്‌റ്റേഷനിലേക്ക് പറഞ്ഞുവിട്ടു. തുടർന്നാണ് നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകിയതെന്നും അശ്വിൻ പറഞ്ഞു. അക്രമികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. 

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അശ്വിനെയും ഭാര്യയെയും അഞ്ചംഗ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇന്നലെ രാത്രി സിനിമ കണ്ട് തിരിച്ചുവരുന്നതിനിടെ ക്രിസ്ത്യൻ കോളജിന് സമീപത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലെത്തിയവർ അശ്വിന്റെ ഭാര്യയോട് മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്തതോടെ ദമ്പതികളെ ആക്രമിക്കുകയും ചെയ്തത്.

സംഭവസമയത്ത് നിരവധി ആളുകളുണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാൻ തയ്യാറായില്ലെന്ന് അശ്വിൻ പറഞ്ഞു. പരാതിയുമായി ട്രാഫിക് കൺട്രോൾ റൂമിലെത്തിയ ദമ്പതികളെ നടക്കാവ് സ്റ്റേഷനിലേക്ക് അയച്ചു. രാത്രി തന്നെ നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ഇന്ന് രാവിലെയാണ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.