{"vars":{"id": "89527:4990"}}

വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി; പ്രതികാരമായി 50 ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസ് ഊരി യുവാവ്
 

 

വൈദ്യുതി ബിൽ അടയ്ക്കാത്തതിന് വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ നഗരത്തിലെ 50 ട്രാൻസ്‌ഫോർമറുകളിലെ അടക്കം ഫ്യൂസ് തകർത്ത യുവാവ് പിടിയിൽ. കാസർകോട് കുഡ്‌ലു ചൂരി കാള്യയങ്കോട്ടുള്ള യുവാവാണ് പിടിയിലായത്.  യുവാവ് ഫ്യൂസുകൾ തകർത്തതോടെ വ്യാപാര സ്ഥാപനങ്ങളിലെ അടക്കം 8000ത്തോളം ഉപയോക്താക്കൾക്ക് 2 മണിക്കൂർ വൈദ്യുതി മുടങ്ങി

22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബിൽ. 12നായിരുന്നു പണം അടക്കേണ്ട അവസാന തീയതി. 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷനിൽ നിന്ന് ഇതോർമിപ്പിക്കാൻ യുവാവിനെ വിളിച്ചു. അൽപം സമയം കഴിഞ്ഞപ്പോൾ യുവാവിൽ നിന്ന് വധഭീഷണി എത്തിയതായും വൈദ്യുതി സെക്ഷൻ ഓഫീസ് ജീവനക്കാർ പറയുന്നു

ഇന്നലെ രാവിലെ യുവാവിന്റെ വീട്ടിലെത്തിയ ജീവനക്കാർ വീട്ടിലെ ഫ്യൂസ് ഊരുന്നതിന് പകരം പോസ്റ്റിൽ നിന്നുള്ള കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. വൈകിട്ട് സെക്ഷൻ ഓഫീസിലെത്തിയ യുവാവ് ഇപ്പോൾ ബില്ല് അടയ്ക്കണമെന്ന് പറഞ്ഞ് ബഹളം വെച്ചു. എന്നാൽ സമയം കഴിഞ്ഞെന്ന് ജീവനക്കാർ പറഞ്ഞതോടെ ഭീഷണി മുഴക്കി ഇറങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് പലയിടത്തും വൈദ്യുതിയില്ല എന്ന പരാതി ഓഫീസിലേക്ക് വരുന്നത്

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാൻസ്‌ഫോർമറുകളുടെയും ഫ്യൂസുകൾ ഊരിയെറിഞ്ഞതായും പൊട്ടിച്ചതായും കണ്ടെത്തിയത്. 50 ട്രാൻസ്‌ഫോർമറുകളിൽ നിന്നായി 200ലേറെ ഫ്യൂസുകളാണ് ഊരിയെറിഞ്ഞത്. നെല്ലിക്കുന്ന്, കാസർകോട് സെക്ഷൻ പരിധികളിലെ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് ഇയാൾ പ്യൂസ് ഊരിയത്.