മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് ഡ്രൈവർമാരടക്കം അഞ്ച് പേരെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു
 

 

മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് കെഎസ്ആർടിസി ഡ്രൈവർമാരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവർത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ എടിഒയും അടക്കം അഞ്ച് പേരെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. വൈക്കം യൂണിറ്റിലെ ഡ്രൈവർ സിആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോൺ, മല്ലപ്പള്ളി ഡിവിഷനിലെ വി രാജേഷ് കുമാർ എന്നിവരാണ് സസ്‌പെൻഷനിലായ ഡ്രൈവർമാർ

ഫെബ്രുവരി 13നാണ് തൃപ്പുണിത്തുറ പോലീസ് സി ആർ ജോഷിയെയും ലിജോ സി ജോണിനെയും മദ്യപിച്ച് ബസ് ഓടിച്ചെന്ന് കണ്ടെത്തി പിടികൂടിയത്. ഫെബ്രുവരി 21നാണ് രാജേഷ് കുമാറിനെ കറുകച്ചാൽ പോലീസ് വാഹനപരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയത്. മദ്യപിച്ച് ജോലിക്കെത്തിയ പത്തനംതിട്ട ഗ്യാരേജിലെ സ്റ്റോർ ഇഷ്യൂവർ വി ജെ പ്രമോദാണ് സസ്‌പെൻഷനിലായ മറ്റൊരാൾ. അന്താരാഷ്ട്ര വനിതാ ദിനത്തിൽ അസിസ്റ്റന്റ് ജാക്‌സൻ ദേവസ്യയുമായി കൈയ്യേറ്റത്തിലേർപ്പെട്ട സംഭവത്തിൽ തൊടുപുഴ ക്ലസ്റ്റർ ഓഫീസർ വി എസ് സുരേഷിനെയും സസ്‌പെൻഡ് ചെയ്തു.