വനിതകൾക്ക് കെഎസ്ആർടിസി ഓർഡിനറിയിൽ ഇനി സൗജന്യ യാത്ര; ഗതാഗത സെക്രട്ടറി ഉത്തരവിറക്കി: 'പ്രിയദർശിനി' പദ്ധതി ജൂൺ 15 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് .ഗതാഗത സെക്രട്ടറി അനുപമ ടി വി ഐ എ എസ് ഉത്തരവിറക്കിയത്. സർക്കാരിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'പ്രിയദർശിനി' പദ്ധതി വരാനിരിക്കുന്ന ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 100 ദിവസത്തേക്കാണ് ഓർഡിനറി സർവീസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്തിയിരിക്കുന്നത്. പ്രായഭേദമന്യേ, എപിഎൽ-ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കും. തുടർന്ന് യാത്രക്കാരുടെ എണ്ണവും യാത്രാ രീതികളും വിലയിരുത്തിയ ശേഷം പദ്ധതി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം രണ്ടാം ഘട്ടത്തിൽ പരിഗണിക്കും.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെ അധിക സാമ്പത്തിക ബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്. ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന ഈ നഷ്ടം പൂർണ്ണമായും സർക്കാർ കെഎസ്ആർടിസിക്ക് റീഫണ്ട് ചെയ്തു നൽകും. ഇതിനായി നിലവിൽ നൽകുന്ന 1500 കോടി രൂപയ്ക്ക് പുറമെ അധിക തുക അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി കൃത്യമായി നിരീക്ഷിക്കുന്നതിനായി കെഎസ്ആർടിസി ദിവസേനയുള്ള വനിതാ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും പ്രതിമാസ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്യും.