സംസ്ഥാനത്ത് നാളെ മുതൽ കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലകൾക്കുള്ളിൽ ഹ്രസ്വദൂര സർവീസ് മാത്രമാകും
 

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലകൾക്കുള്ളിൽ ഹ്രസ്വദൂര സർവീസ് മാത്രമാകും ഉണ്ടാകുക. സ്വകാര്യ ബസുകളുടെ സമ്മർദത്തിന് വഴങ്ങില്ല. നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് സ്വകാര്യ ബസ് ഉടമകൾ മാറ്റണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.

സർവീസ് നടത്തുന്നില്ലെന്ന് ഈ ഘട്ടത്തിൽ തീരുമാനിച്ചാൽ ബുദ്ധിപൂർവമാണോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. എക്കാലത്തേക്കും അങ്ങനെയൊരു നിലപാട് സ്വീകരിക്കാനാകുമോയെന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

സർവീസുകൾ ഒരു സമരത്തിന്റെ ഭാഗമായി നിർത്തിവെച്ചതല്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ബസുകൾ ഓടിക്കാൻ പാടില്ലായിരുന്നുവെന്ന് കേന്ദ്ര സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിർത്തിവെച്ചത്. അത് പറഞ്ഞില്ലായിരുന്നുവെങ്കിൽ ഈ ബുദ്ധിമുട്ടുകൾ നിലനിർത്തിക്കൊണ്ട് അവർ സർവീസ് നടത്തുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.