ഓണത്തിന് കര്‍ണാടകത്തിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും

കോഴിക്കോട്: സംസ്ഥാനത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും അവിടങ്ങളിൽ നിന്ന് തിരിച്ചും ഓണത്തിന് പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു.
 

കോഴിക്കോട്: സംസ്ഥാനത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും അവിടങ്ങളിൽ നിന്ന് തിരിച്ചും ഓണത്തിന് പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു. റിസർവേഷൻ സൗകര്യത്തോടു കൂടിയുള്ള ഈ സർവീസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും. കോഴിക്കോട് വഴിയും പാലക്കാട് വഴിയും സർവീസ് ഉണ്ടാകും. ഈ സർവീസുകൾക്ക് 10 ശതമാനം അധിക നിരക്ക് ഉൾപ്പെടെ എൻഡ് ടു എൻഡ് യാത്രാനിരക്കിലുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ഇന്നു മുതൽ ലഭ്യമാകും

എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയിൽ ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി ലഭ്യമാകുകയുള്ളൂ. യാത്രക്കാർ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

ആവശ്യമായ യാത്രക്കാർ ഇല്ലാത്തതിനാൽ ഏതെങ്കിലും സർവീസുകൾ റദ്ദ് ചെയ്യുകയോ ഈ സർവീസുകൾക്ക് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ യാത്രാനുമതി നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതുമാണെന്ന് മന്ത്രി പറഞ്ഞു.