കുംഭമേള പെൺകുട്ടിയുടെ വിവാഹം; ഭർത്താവ് ഫർമാനെ അറസ്റ്റ് ചെയ്യാം: അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: രാജ്യശ്രദ്ധ നേടിയ 'കുംഭമേള വൈറൽ പെൺകുട്ടി'യുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന് കനത്ത തിരിച്ചടി. ഫർമാനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള മുൻ ഉത്തരവ് നീട്ടിനൽകണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി. ഇതോടെ കേസിൽ മധ്യപ്രദേശ് പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ തടസ്സങ്ങൾ നീങ്ങി.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മഹേശ്വറിലുള്ള പ്രത്യേക പോക്സോ കോടതി ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് വിലക്ക് നീട്ടണമെന്ന ആവശ്യവുമായി ഇയാൾ കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിൽ ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തിന്റെ കാലാവധി നീട്ടിനൽകാൻ തങ്ങൾക്ക് അധികാരപരിധിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അപേക്ഷ നിരസിച്ചത്. ഉചിതമായ നിയമനടപടികൾക്കായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.
പശ്ചാത്തലം
കഴിഞ്ഞ മാർച്ച് 11-നാണ് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവി ക്ഷേത്രത്തിൽ വെച്ച് പെൺകുട്ടിയും മുഹമ്മദ് ഫർമാനും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തുകയായിരുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ടായിരുന്നു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. തുടർന്ന് മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ ഫർമാന് കേരള ഹൈക്കോടതി ഒരു മാസത്തെ താൽക്കാലിക അറസ്റ്റ് വിലക്ക് അനുവദിച്ചിരുന്നു. ഈ കാലാവധി അവസാനിക്കുകയും അവിടുത്തെ പ്രാദേശിക കോടതി ജാമ്യം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശ് പൊലീസ് നിലവിൽ കേരളത്തിലുണ്ടെന്നാണ് വിവരങ്ങൾ.