{"vars":{"id": "89527:4990"}}

കുംഭമേള വൈറൽ താരത്തിന് തിരിച്ചടി; മോണാലിസയുടെ പൊലീസ് സംരക്ഷണം ഹൈകോടതി പിന്‍വലിച്ചു

 

കൊച്ചി: സോഷ്യൽ മീഡിയയിലെ കുംഭമേള ചിത്രങ്ങളിലൂടെ രാജ്യമെമ്പാടും വൈറലായ മോണാലിസ ഭോസ്സെയ്ക്ക് തിരിച്ചടി. മോണാലിസയ്ക്കും ഭർത്താവ് ഫർമാനും നൽകിയിരുന്ന ഇടക്കാല പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി പിൻവലിച്ചു. പെൺകുട്ടി ഹർജിയിൽ നൽകിയ ഫോൺ നമ്പറിലോ മേൽവിലാസത്തിലോ ഇവരെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി.

പൊലീസിന് കണ്ടെത്താനായില്ല

കോടതി ഉത്തരവുണ്ടായിട്ടും ഹർജിക്കാരിയെ ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും, ഉത്തരവ് ലഭിച്ചതിന് ശേഷം പോലീസിന് ബന്ധപ്പെടാൻ കഴിയാത്ത വിധം അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ഇവരുടെ പതിവുരീതിയായി മാറിയിരിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ജൂൺ 19-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കുകയായിരുന്നു. അതേസമയം, ഹർജിക്കാരി നേരിട്ട് പോലീസിനെ സമീപിച്ച് രേഖാമൂലം സംരക്ഷണം ആവശ്യപ്പെട്ടാൽ നിയമപ്രകാരം അത് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവാദങ്ങളും പശ്ചാത്തലവും

കഴിഞ്ഞ വർഷം പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ രുദ്രാക്ഷ മാല വിൽക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളിലൂടെയാണ് മോണാലിസ ഇന്റർനെറ്റിൽ തരംഗമായത്. തുടർന്ന് കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ ഇവർ, മുഹമ്മദ് ഫർമാൻ എന്ന യുവാവുമായി പ്രണയത്തിലാവുകയും കുടുംബത്തിന്റെ എതിർപ്പുകൾ മറികടന്ന് വിവാഹം കഴിക്കുകയുമായിരുന്നു.

​മിശ്രവിവാഹത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വലിയ രീതിയിൽ വിദ്വേഷ പ്രചാരണങ്ങളും വധഭീഷണിപോലും ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മോണാലിസ മുൻപ് ഹൈക്കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം നേടിയത്. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വിവാഹം നടത്തിയതെന്നും ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പോലീസിൽ ഫർമാനെതിരെ പരാതി നൽകിയിരുന്നു. കേസ് തുടർനടപടികൾക്കായി ജൂലൈ 21-ലേക്ക് കോടതി മാറ്റിയിട്ടുണ്ട്.