കുണ്ടറയിലെ തോൽവിയിൽ സിപിഎം അന്വേഷിക്കും; പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുണ്ടാകും

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത വിജയം സ്വന്തമാക്കിയിട്ടും കുണ്ടറയിൽ നിന്നേറ്റ തിരിച്ചടി സിപിഎമ്മിൽ വലിയ നടപടികൾക്ക് കാരണമാകും. ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചതു കൊണ്ടാണ് തോൽവിയെന്ന് പറയുന്നുണ്ടെങ്കിലും സംഘടനാപരമായ
 

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത വിജയം സ്വന്തമാക്കിയിട്ടും കുണ്ടറയിൽ നിന്നേറ്റ തിരിച്ചടി സിപിഎമ്മിൽ വലിയ നടപടികൾക്ക് കാരണമാകും. ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചതു കൊണ്ടാണ് തോൽവിയെന്ന് പറയുന്നുണ്ടെങ്കിലും സംഘടനാപരമായ വീഴ്ചയും പാർട്ടി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ മത്സരിച്ച അപൂർവം മന്ത്രിമാരിൽ ഒരാളായിരുന്നു മേഴ്‌സിക്കുട്ടിയമ്മ. മന്ത്രിയുടെ തോൽവി പാർട്ടിയെ ചെറുതൊന്നുമല്ല ഉലച്ചത്.

കുണ്ടറയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിഷ്‌ക്രിയരായ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ സംഘടനാപരമായ നടപടിക്ക് സാധ്യതയുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ഇക്കാര്യം ചർച്ചയ്ക്ക് വരും. സംസ്ഥാന നേതൃത്വവും വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ട്

പാർട്ടി തലത്തിൽ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയുമുണ്ടാകും. തൃപ്പുണിത്തുറയിൽ സ്വരാജ് പരാജയപ്പെട്ടുവെങ്കിലും പാർട്ടി ശക്തമായ പ്രതിരോധം മണ്ഡലത്തിൽ തീർത്തിരുന്നു. സമാനമായ സാഹചര്യം കുണ്ടറയിൽ ഉണ്ടായില്ലെന്നാണ് വിമർശനമുയരുന്നത്. കഴിഞ്ഞ തവണ 30,460 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മേഴ്‌സിക്കുട്ടിയമ്മ വിജയിച്ച മണ്ഡലമാണിത്.