{"vars":{"id": "89527:4990"}}

എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ പരസ്പര സഹായ ധാരണ; ഡീൽ ആരോപണവുമായി സച്ചിൻ പൈലറ്റ്

 

കേരളത്തിൽ എൽ.ഡി.എഫും ബിജെപിയും തമ്മിൽ പരസ്പര സഹായ ധാരണയുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ  സച്ചിൻ പൈലറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഇരുവർക്കും ഗുണകരമായ ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതേ സ്ഥാനത്ത് തന്നെ തുടരാനാണ് ഇരുവരും പരസ്പരം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനായാണ് കേരളത്തിൽ എൻ.ഡി.എ നിലവിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾ സച്ചിൻ പൈലറ്റ് തള്ളി. ആരോപണം രസകരമായ ചിരിക്കാൻ വകയുള്ള ഒരു കമന്റ് മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി ഉൾപ്പെട്ട അഴിമതി കേസ് സുപ്രീം കോടതിയിൽ പലതവണ മാറ്റിവയ്ക്കപ്പെടുന്നതെന്ന് കേവലം ഒരു യാദൃശ്ചികതയാകാൻ വഴിയില്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ ഭരണപരമായ അവകാശവാദങ്ങളെ ചോദ്യം ചെയ്ത സച്ചിൻ, സംസ്ഥാനത്തെ വൻതോതിലുള്ള പരസ്യ പ്രചാരണങ്ങളെ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള നൂറുകണക്കിന് ബോർഡുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ളത്. ഭരണം അത്ര മികച്ചതായിരുന്നെങ്കിൽ എന്തിനാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇത്തരം പരസ്യങ്ങൾ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. 

'ബി.ജെപി എൽ.ഡി.എഫിനെ സഹായിക്കുന്നു'

കേരളത്തിലെ ബി.ജെപിയുടെ നിലയെ പരിഹസിച്ച സച്ചിൻ പൈലറ്റ്, ബി.ജെ.പിക്ക് സംസ്ഥാനത്ത് സീറോ എംഎൽഎമാരാണുള്ളതെന്നും സർക്കാർ രൂപീകരിക്കാനുള്ള ശേഷി അവർക്കില്ലെന്നും പറഞ്ഞു. നേരിട്ട് അധികാരം പിടിക്കുന്നതിനേക്കാൾ യു.ഡി.എഫിന്റെ വോട്ട് വിഹിതം കുറയ്ക്കുക എന്നതാണ് ബി.ജെ.പിയുടെ തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.

"ഇവിടെ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. അതിനാൽ കോൺഗ്രസിനെ തടയുകയും എൽഡിഎഫിനെ മൂന്നാം തവണയും അധികാരത്തിൽ വരാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ് അവർക്ക് മുന്നിലുള്ള അടുത്ത പോംവഴി,” അദ്ദേഹം പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് നില ഉയർത്തിയെങ്കിലും 20-ൽ ഒരു സീറ്റിൽ മാത്രമാണ് ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ ബിജെപിയെ ഒരു ഭരണകക്ഷിയായി പിന്തുണയ്ക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 

എൻ.ഡി.എ സ്ഥാനാർത്ഥി നിർണ്ണയത്തെയും അദ്ദേഹം ചോദ്യം ചെയ്തു. പല സ്ഥാനാർത്ഥികളും ജയിക്കാൻ സാധ്യതയില്ലാത്തവരാണെന്നും സർക്കാരിനെതിരെ യു.ഡി.എഫിന് ലഭിക്കുന്ന വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ബി.ജെ.പിയും എൻ.ഡി.എയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.