{"vars":{"id": "89527:4990"}}

കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സീറ്റ് ധാരണയായി; കേരളാ കോൺഗ്രസ് എം 9 സീറ്റിൽ മത്സരിക്കും
 

 

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റിൽ ധാരണയായി. സിപിഎം, കേരള കോൺഗ്രസ് എം എന്നിവർ ഒമ്പത് സീറ്റുകളിൽ വീതമാണ് മത്സരിക്കുക. നാല് സീറ്റാണ് സിപിഐക്ക് ഉള്ളത്. ബാക്കിയുള്ള ഒരു സീറ്റിൽ കേരള കോൺഗ്രസിന്റെ എൽഡിഎഫ് സ്വതന്ത്രൻ മത്സരിക്കും. 

അയർക്കുന്നം സീറ്റിലാണ് എൽഡിഎഫ് സ്വതന്ത്രൻ മത്സരിക്കുന്നത്. കേരള കോൺഗ്രസിലെ ദിലു ജോൺ ആയിരിക്കും സ്വതന്ത്ര സ്ഥാനാർഥിയെന്നാണ് വിവരം. സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യു അറിയിച്ചു.

കോട്ടയം നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് മത്സരിക്കുന്നുണ്ട്. തിരുനക്കരയിൽനിന്നാണ് ലതിക സുഭാഷ് ജനവിധി തേടുക. കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന ലതിക നിലവിൽ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്.