ലീലയുടെ മരണം: സഹോദരി ഭർത്താവിനെ റിമാൻഡ് ചെയ്തു, കൊലപാതകം പീഡനശ്രമം ചെറുത്തപ്പോൾ
 

 

കോഴിക്കോട് കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീലയെ(53) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഹോദരി ഭർത്താവ് രാജനെ(50) റിമാൻഡ് ചെയ്തു. താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത രാജനെ താമരശ്ശേരി ജെ എഫ് സി കോടതിയാണ് റിമാൻഡ് ചെയ്തത്. തെളിവെടുപ്പിനായി രാജനെ കസ്റ്റഡിയിൽ വാങ്ങും. 

ലീലയുടെ മകൻ രോണുവിനെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയാണ് രാജൻ ലീലയെയും കൊലപ്പെടുത്തിയത്. രണ്ടാഴ്ചയോളമായി കാണാതായ ലീലയുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഴുകിയ നിലയിൽ അമരാട് മലയിൽ കണ്ടെത്തിയത്. ലീലയുടേത് കൊലപാതകമാണെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. 

ലീലയും ഭർത്താവ് രാജഗോപാലനും രാജനും കോളനിവാസിയായ ചന്തുവും കൂടി രണ്ടാഴ്ച മുമ്പ് വനത്തിൽ വിറക് ശേഖരിക്കാൻ പോയിരുന്നു. അമരാട് മലയിലെ നരിമട ഭാഗത്ത് നിന്ന് വ്യാജമദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന വാഷ് ഇവർ സംഘം ചേർന്ന് കുടിച്ചു. തുടർന്ന് ലീലയും രാജനും തമ്മിൽ വാക്കേറ്റമുണ്ടായി. 

രാജൻ ലീലയെ ശ്വാസം മുട്ടച്ച് കൊലപ്പെടുത്തുകയായിരുന്നു. പീഡനശ്രമം തടയാൻ ശ്രമിച്ചതാണ്  കൊലപാതകത്തിന് കാരണമെന്നാണ് രാജൻ നൽകിയ മൊഴി. 2019ലാണ് ലീലയുടെ മകൻ രോണുവിനെ രാജൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നേരത്തെ ലീലയുടെ രണ്ട് ബന്ധുക്കൾ കൂടി ദുരൂഹ സാഹചര്യത്തിൽ കോളനിയിൽ മരിച്ചിട്ടുണ്ട്. ഇതിലും രാജന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.