ലൈഫ് മിഷൻ ഇന്ത്യയിലെ ഏറ്റവും വലിയ കോഴ; സിബിഐ വരാതിരിക്കാനാണ് വിജിലൻസ് അന്വേഷണമെന്ന് സതീശൻ
 

 

ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയും ഇ ഡിയും കൊള്ളരുതാത്തവർ എങ്കിൽ മുഖ്യമന്ത്രി എന്തിന് കത്തയച്ചുവെന്നും സതീശൻ ചോദിച്ചു

രാജ്യത്തിനകത്തും പുറത്തും വ്യാപിച്ച് കിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സിബിഐ വരാതിരിക്കാനാണ് മനപ്പൂർവം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൂടി പങ്കാളിത്തമുള്ള ലോക്കറിൽ നിന്നാണ് 63 ലക്ഷം കണ്ടെടുത്തത്. 9.25 കോടിയാണ് ഈ കോഴ. ഇത്ര വലിയ കോഴ ഇന്ത്യയിൽ വേറെയെവിടെയും നടന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു

പഴയ വീഞ്ഞ് തന്നെയാണ് ഇറക്കുന്നത്. പഴയ ശിവശങ്കർ  വീണ്ടും അറസ്റ്റിലാകുന്നു. തങ്ങൾക്ക് ഈ കേസിലെ മദനകാമ രാജൻ കഥകളോട് താത്പര്യമില്ല. കേരളത്തിൽ കെട്ടിടം നിർമിക്കാൻ യുഎഇ കോൺസുലേറ്റ് ക്വട്ടേഷൻ വിളിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു