{"vars":{"id": "89527:4990"}}

നയപ്രഖ്യാപന പ്രസംഗ വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമെന്ന് ലോക്ഭവൻ
 

 

ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമാണ്. അർധ സത്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലോക്ഭവന്റെ പ്രതികരണം. 

ഗവർണർക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു ഇതിന് സർക്കാരിന്റെ പ്രതികരണമെന്നും ലോക്ഭവൻ വിശദീകരിച്ചു. ലോക്ഭവൻ നിർദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചു തരാമെന്ന സൂചന സർക്കാർ നൽകിയിരുന്നു. 

എന്നാൽ, ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്. യാത്ര കഴിഞ്ഞ് കോഴിക്കോട് നിന്നും വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവർണർ താൻ നിർദേശിച്ചതും, സർക്കാർ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് രാവിലെ സഭയിൽ വായിച്ചതെന്നും ലോക്ഭവൻ വിശദീകരിക്കുന്നു.