{"vars":{"id": "89527:4990"}}

എം.എ. യൂസഫലി യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ വൈസ് ചെയർമാൻ

 

അബുദാബി: യുഎഇയുടെ നിക്ഷേപപദ്ധതികൾക്കും വ്യാപാര വിപുലീകരണത്തിനും വേഗം പകരുന്നതിന് രൂപീകരിച്ച യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് പുതിയ അംഗങ്ങളെ നിയമിച്ചത്.

യുഎഇ വിദേശ വ്യാപാര മന്ത്രി ചെയർമാനായ കൗൺസിലിന്‍റെ സെക്രട്ടറി ജനറലായി അബ്ദുള്ള അഹമ്മദ് അൽ സുവൈദിയെയും വൈസ് ചെയർമാനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെയും നിയമിച്ചു. മുബാദല ഇൻവെസ്റ്റ്മെന്‍റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ ഹുമൈദ് അൽ ഷിമരിയെയും വൈസ് ചെയർമാനായി നിയമിച്ചിട്ടുണ്ട്.

യുഎഇയെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം കരുത്തേകുമെന്നും, വലിയ നിക്ഷേപങ്ങൾക്കും വ്യാപാര മുന്നേറ്റങ്ങൾക്കുമായി മികച്ച പദ്ധതികൾ കൗൺസിലിന് നടപ്പാക്കാനാകുമെന്നും വിദേശവ്യാപാര മന്ത്രിയും കൗൺസിൽ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി വ്യക്തമാക്കി.

പൊതു-സ്വകാര്യ മേഖല പങ്കാളിത്തത്തോടെയുള്ള വിപുലമായ നിക്ഷേപപദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നതിനും അവ യാഥാർത്ഥ്യമാക്കുന്നതിനുമായി 2009-ൽ യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ സ്ഥാപിച്ചത്.

യുഎഇയിലെ പ്രാദേശിക കമ്പനികളുടെയും നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മറ്റ് കമ്പനികളുടെയും സുഗമമായ പ്രവർത്തനങ്ങൾക്കും സമഗ്ര സാമ്പത്തിക മുന്നേറ്റത്തിനുമായാണ് കൗൺസിൽ പ്രവർത്തിക്കുന്നത്.