മധു വധക്കേസ്: 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്, ഹുസൈന് ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
 

 

മധു വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി. മണ്ണാർക്കാട് എസ് സി, എസ് ടി കോടതിയാണ് വിധി പറഞ്ഞത്. ന്യായവിരോധമായി സംഘം ചേരൽ, കരുതിക്കൂട്ടിയുള്ള മർദനം, തടഞ്ഞുവെക്കൽ, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ലാതെയുള്ള നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് 13 പ്രതികൾക്കെതിരെ തെളിഞ്ഞത്. ഏഴ് വർഷം കഠിന തടവ് കൂടാതെ ഒന്നാം പ്രതി ഒരു ലക്ഷം രൂപ പിഴയും നൽകണം

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ഏഴ് വർഷം കഠിന തടവ്

അതേസമയം പതിനാറാം പ്രതി മുനീറിന് 500 രൂപ പിഴയും മൂന്ന് മാസം തടവുമാണ് വിധിച്ചിരിക്കുന്നത്. കേസിൽ ഇന്നലെയാണ് 14 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുൽ കരീം എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.