{"vars":{"id": "89527:4990"}}

കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർ; സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

 

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നലെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസി ബസില്‍ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം.

പതിനഞ്ചാം തീയതി മുതല്‍ സൗജന്യ യാത്ര എന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനമെന്നും എന്നാല്‍ അത് നടപ്പിലാക്കിയില്ലെന്നുമാണ് മഹിളാമോര്‍ച്ച നേതാവ് നവ്യ ഹരിദാസ് പറഞ്ഞത്. സത്യപ്രതിജ്ഞ വൈകിയത് തങ്ങളുടെ കുറ്റമല്ല. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളില്‍ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി. സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്നും നവ്യ ഹരിദാസ് പറഞ്ഞു.

അതേസമയം സൗജന്യ ടിക്കറ്റ് നല്‍കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയില്‍ പ്രതിഷേധിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വനിതാ കണ്ടക്ടര്‍ സൗജന്യ ടിക്കറ്റ് നല്‍കി. ഇതിന് പകരമായി സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കുമെന്ന് കണ്ടക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് വരാതെ സൗജന്യ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു. അതിനിടെ കൊല്ലത്ത് ബസില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാസര്‍കോട്ടും കോഴിക്കോടും പ്രതിഷേധം സമാധാനപൂര്‍ണമായിരുന്നു.

അതിനിടെ ബിജെപിയുടെ പ്രതിഷേധത്തിനെതിരെ വ്യാപക വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിട്ടുണ്ട്. 'സമയം ഒരുപാട് വൈകിപ്പോയി, അല്‍പം കൂടി നേരത്തേ ആക്കാമായിരുന്നില്ലേ' എന്നാണ് പലരും ചോദിച്ചത്. ആദ്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിയട്ടെയെന്നും മന്ത്രിസഭ രൂപീകരിച്ച ശേഷം പ്രതിഷേധിക്കാമെന്നും പറഞ്ഞവരുണ്ട്.