{"vars":{"id": "89527:4990"}}

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

 
എറണാകുളം ചെമ്പുമുക്കിൽ ആക്രിക്കടയിൽ വൻ തീപ്പിടുത്തം. വലിയ തോതിലുള്ള തീപ്പിടുത്തം ഉണ്ടായി എന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ചെമ്പുമുക്ക് മേരി മാതാ സ്കൂളിന് തൊട്ട് അടുത്താണ് സംഭവം. ഇതിനോട് ചേർന്ന് താമസ സ്ഥലങ്ങളും ഫ്ലാറ്റ് സമുച്ചയങ്ങളും സ്കൂളുകളുമുണ്ട്. തകര ഷീറ്റ് കൊണ്ട് മറച്ച നിലയിലുള്ള ആക്രിക്കടയിൽ പ്ലാസ്റ്റിക്കുകളും പഴയ ഇലക്ട്രോണിക്സ് സാധനങ്ങളായ എസി, ഫ്രിഡ്ജ് എന്നിവ അടക്കമുള്ളവയാണ് തീപിടുത്തത്തിൽ ഉൾപ്പെട്ടത്. മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി. പൊട്ടിത്തെറിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. ഒരു ഇതരസംസ്ഥാന തൊഴിലാളി രാവിലെ ഗോഡൗണില്‍ ജോലിക്കെത്തിയിരുന്നു. വെല്‍ഡിംഗ് പണിക്കിടെയുണ്ടായി തീപൊരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ ജോലിക്കാര്‍ ഉണ്ടായിരുന്നില്ല. ജോലിയില്‍ ഉണ്ടായിരുന്നയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.