മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയിലെ ഊടുവഴികൾ കല്ലിട്ടടച്ച് പോലീസ്

കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിലെ മുഴുവൻ ഊടുവഴികളും മുക്കം പൊലീസ് കല്ലിട്ട് അടച്ചു. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മലപ്പുറം ജില്ലയിലെ
 

കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിലെ മുഴുവൻ ഊടുവഴികളും മുക്കം പൊലീസ് കല്ലിട്ട് അടച്ചു. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മലപ്പുറം ജില്ലയിലെ അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളിൽ നിന്നും ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന വാലില്ലാപ്പുഴ പുതിയനിടം റോഡ്, തേക്കിൻ ചുവട് തോട്ടുമുക്കം റോഡ്, പഴംപറമ്പ് ചെറുവാടി റോഡ്, തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിർത്തികളാണ് അടച്ചത്.

കരിങ്കല്ലുകൾ ലോറിയിൽ എത്തിച്ച് മുക്കം ജനമൈത്രി സബ് ഇൻസ്പെക്ടർ അസൈൻ, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാർഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകൾ അടച്ചത്. പ്രദേശത്തെ പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ജില്ലാ അതിർത്തിയിലെ പ്രധാന റോഡുകളായ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ എരഞ്ഞിമാവിലും കരിപ്പൂർ എയർപ്പോർട്ട് റോഡിലെ കവിലടയിലും പോലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് നിരീക്ഷണം കർശനമാക്കിയിരുന്നു. ഇതു മൂലം വാഹനങ്ങൾ ഊടുവഴികളിലൂടെ രാത്രി കാലങ്ങളിലും മറ്റും സഞ്ചരിക്കുന്നത് വ്യാപകമായതായി പരാതിയുണ്ടായിരുന്നു. പതിനൊന്ന് ഇടവഴികളാണ് മലപ്പുറത്തേക്ക് ഈ പ്രദേശത്തുള്ളത്.ഇതോടെയാണ് പോലീസ് റോഡുകൾ പൂർണ്ണമായി അടച്ചിട്ടത്.

അതേസമയം മതിയായ രേഖകൾ ഉള്ളവരെ തോട്ടുമുക്കം കുഴിനക്കി പാലം, എരഞ്ഞിമാവ്, കവിലട ചെക്ക്പോസറ്റുകൾ വഴി കടത്തിവിടുന്നുണ്ട്. കോവിഡ് 19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തിലാണ് എല്ലാ വഴികളും അടച്ചതെന്ന് ജനമൈത്രി ഇൻസ്പെക്ടർ അസൈൻ പറഞ്ഞു.

അതേ സമയം റോഡ് കല്ലിട്ട് അടച്ച് പോലീസ് കർണ്ണാടക മോഡൽ നടപ്പിലാക്കുന്നു എന്നാരോപിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി അടക്കമുള്ള അവശ്യ സർവ്വീസുകൾക്ക് പ്രധാന റോഡുകൾ ഉപയോഗിക്കാമെന്ന് പോലീസും പറയുന്നു.