{"vars":{"id": "89527:4990"}}

തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം

 

ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാം. 

മലരിന്‍ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നില്‍ക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേല്‍ക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.

പഞ്ഞകര്‍ക്കിടകത്തില്‍ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലേക്ക് കേരളം കാലെടുത്തുവയ്ക്കുമ്പോള്‍ മാവേലിയുടെ ഐതിഹ്യം അതിനൊരു പൂത്താലിയാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലാണ് നമുക്ക് ഓണം. ഉണ്ടറിയണം ഓണം’ എന്നാണ് പറയാറ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ഓണാഘോഷങ്ങള്‍ തുടരും. ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്.

സാധാരണയില്‍ സാധാരണയായ തുമ്പപ്പൂവാണ് ഓണത്തിന്റെ താരം. മാവേലി ചേര്‍ത്തുപിടിച്ചത് ആ പൂവിനെയാണ്. അതും ഒരു സന്ദേശമാണ്. സാധാരണക്കാരനെ ഒരിക്കലും കൈവിടരുതെന്ന വിപ്ലവകരമായ ആഹ്വാനം. സമത്വസുന്ദരമായ ലോകത്തെ ആഘോഷിക്കുന്ന മറ്റേത് ആഘോഷമാണ് ലോകത്ത് വേറെയുള്ളത്.