{"vars":{"id": "89527:4990"}}

കോയമ്പത്തൂരിൽ മലയാളി സൈനികോദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ
 

 

കോയമ്പത്തൂരിൽ മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സാനു ശിവരാമനാണ്(47) മരിച്ചത്. കോയമ്പത്തൂർ സൂലൂർ എയർഫോഴ്‌സ് സ്‌റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിംഗ് ഉദ്യോഗസ്ഥനാണ്. ഇന്നലെയാണ് കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ സാനു ശിവരാമനെ കണ്ടെത്തിയത്.

 ഭാര്യയുടെ പരാതിയിൽ കോയമ്പത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് കയറി 10 മിനുറ്റിനുള്ളിൽ  തലയ്ക്ക് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വ്യോമസേന ക്യാമ്പസിലെ 13ാം നമ്പർ ടവർ പോസ്റ്റിലായിരുന്നു സനുവിന്റെ ഡ്യൂട്ടി. പോസ്റ്റിന് മുകളിൽ നിന്ന് വെടിശബ്ദം ഉയരുകയും പിന്നാലെ സാനു താഴേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സാനുവിന് ജോലി സമ്മർദം വളരെയുണ്ടായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.