മമ്പുറം മഖാമും കുറ്റിച്ചിറ പള്ളിയും തുറക്കില്ല; ആരാധനാലയങ്ങൾ തുറക്കേണ്ടതില്ലെന്ന നിലപാടിൽ വിവിധ സംഘടനകൾ

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരറിയിപ്പുണ്ടാകുന്നതുവരെ തീർഥാടന കേന്ദ്രമായ മമ്പുറം മഖാം തുറക്കില്ല. മാനേജ്മെന്റ് ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ തത്കാലം
 

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരറിയിപ്പുണ്ടാകുന്നതുവരെ തീർഥാടന കേന്ദ്രമായ മമ്പുറം മഖാം തുറക്കില്ല. മാനേജ്‌മെന്റ് ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ തത്കാലം തുറന്നു പ്രവർത്തിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മമ്പുറം മഖാം മാനേജ്‌മെന്റ് ഭാരവാഹികൾ വ്യക്തമാക്കി.

പല മുസ്ലീം സമുദായ സംഘടനകളും ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറുകയാണ്. ചില സംഘടനകൾ നഗരത്തിലെ പള്ളികൾ മാത്രം അടച്ചിടാനുള്ള തീരുമാനെടുത്തപ്പോൾ ചിലർ എല്ലാ മസ്ജിദുകളും അടച്ചിടാനാണ് തീരുമാനമെടുത്തത്. കോഴിക്കോട് കുറ്റിച്ചിറയിലെ പ്രശസ്തമായ മിഷ്‌കാൽ പള്ളിയും കൊവിഡ് കാലത്ത് തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്

കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളൊന്നും തുറക്കേണ്ടെന്നും മഹല്ല് കമ്മിറ്റികൾ തീരുമാനിച്ചു. കേരളത്തിലെ ഒരു പള്ളിയും തുറക്കേണ്ടതില്ലെന്ന് മുജാഹിദ് വിസ്ഡം വിഭാഗം തീരുമാനിച്ചു. നഗരപ്രദേശങ്ങളിലെ പള്ളികൾ തുറക്കേണ്ടെന്ന് എ പി വിഭാഗവും തീരുമാനമെടുത്തു.

സർക്കാർ പ്രഖ്യാപിച്ച നിബന്ധനകൾ പാലിക്കാൻ സാധിക്കാത്ത പള്ളികൾ യാതൊരു കാരണവശാലം തുറക്കരുതെന്ന നിലപാടിലാണ് ജമാഅത്തെ ഇസ്ലാമി. മുജാഹിദ് കെ എൻ എം വിഭാഗവും ഇതേ നിർദേശം നൽകി കഴിഞ്ഞു. കോഴിക്കോട്, എറണാകുളം, മലപ്പുറം, കണ്ണൂർ നഗരങ്ങളിലെ കെ എൻ എം പള്ളികൾ അടച്ചിടും. അതേസമയം സമസ്ത ഇ കെ വിഭാഗം പള്ളികൾ തുറക്കുമെന്ന് അറിയിച്ചു.