{"vars":{"id": "89527:4990"}}

കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി; പ്രതിഷേധവുമായി നാട്ടുകാർ

 

കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃശ്ശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുനെയാണ്(30)ഇന്ന് രാവിലെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ അടക്കം മൂന്ന് പേരെ വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. 

ഇന്ന് രാവിലെ മിഥുനെ കാണാതയാതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഓട്ടോഡ്രൈവറായിരുന്നു മിഥുൻ. സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്.