പാലാ പോയാൽ മാണി സി കാപ്പനും പോകും; കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതായി സൂചന

ഇടതുപ്രവേശനത്തിന് തയ്യാറെടുക്കുന്ന ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുനൽകിയാൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്ന് സൂചന. ഇതിന് മുന്നോടിയായി കോൺഗ്രസ് നേതൃത്വവുമായി മാണി സി
 

ഇടതുപ്രവേശനത്തിന് തയ്യാറെടുക്കുന്ന ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുനൽകിയാൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്ന് സൂചന. ഇതിന് മുന്നോടിയായി കോൺഗ്രസ് നേതൃത്വവുമായി മാണി സി കാപ്പൻ കൂടിക്കാഴ്ച നടത്തിയെന്നാണ് അറിയുന്നത്. എൻ സി പി ദേശീയ നേതൃത്വത്തിന്റെ പിന്തുണ തനിക്കുണ്ടെന്നാണ് മാണി സി കാപ്പൻ പറയുന്നത്.

ജോസ് കെ മാണി എൽ ഡി എഫിലേക്ക് എത്തുകയും പാലാ സീറ്റ് നൽകുകയും ചെയ്താൽ മാണി സി കാപ്പൻ മുന്നണി വിടും. എൻ സി പിയിൽ തന്നെ പിളർപ്പിന് ഇത് വഴിവെക്കും. കോട്ടയം ജില്ലാ നേതൃത്വവുമായും സംസ്ഥാന നേതൃത്വവുമായും മാണി സി കാപ്പൻ ചർച്ചകൾ നടത്തുകയാണ്. നേരിട്ടും ഫോണിലൂടെയുമാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയാലും എൻ സി പിയുടെ മറ്റൊരു എംഎൽഎയും മന്ത്രിയുമായ എ കെ ശശീന്ദ്രൻ ഇതിന് തയ്യാറായേക്കില്ല. ഇങ്ങനെ വന്നാൽ പാർട്ടി പിളർപ്പിലേക്ക് പോകും. അതേസമയം മാണി സി കാപ്പനെ ഇടതു മുന്നണിയിൽ തന്നെ നിലനിർത്താനുള്ള ധാരണകളും ഇടതു മുന്നണിയിൽ തയ്യാറാകുന്നുണ്ട്.