മരടിലെ ഫ്‌ളാറ്റുകൾ നാളെ പൊളിക്കും; ഒരുക്കങ്ങൾ വിലയിരുത്തി, ഇന്ന് മോക് ഡ്രിൽ

മരടിലെ ഫ്ളാറ്റുകൾ നാളെ പൊളിച്ചുതുടങ്ങും. ഹോളിഫെയ്ത്ത്, എച്ച് ടു ഒ, ആൽഫ ഫ്ളാറ്റുകളാണ് നാളെ പൊളിക്കുന്നത്. ഇതിന്റെ മോക് ഡ്രിൽ രാവിലെ ആരംഭിച്ചു. ചീഫ് സെക്രട്ടറി നേരിട്ടെത്തി
 

മരടിലെ ഫ്‌ളാറ്റുകൾ നാളെ പൊളിച്ചുതുടങ്ങും. ഹോളിഫെയ്ത്ത്, എച്ച് ടു ഒ, ആൽഫ ഫ്‌ളാറ്റുകളാണ് നാളെ പൊളിക്കുന്നത്. ഇതിന്റെ മോക് ഡ്രിൽ രാവിലെ ആരംഭിച്ചു. ചീഫ് സെക്രട്ടറി നേരിട്ടെത്തി നിയന്ത്രിത സ്‌ഫോടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.

നാളെ രാവിലെ 10.30ന് എച്ച് ടു ഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിൽ നിന്നാണ് ആദ്യ സൈറൺ മുഴങ്ങുന്നത്. ഇതിന് ശേഷം 200 മീറ്റർ ചുറ്റളവിൽ നിന്ന് എല്ലാവരും ഒഴിഞ്ഞെന്ന് ഉറപ്പിക്കും. 11 മണിക്കാണ് ആദ്യ സ്‌ഫോടനം. തൊട്ടുപിന്നാലെ ആൽഫ ഇരട്ട ഫ്‌ളാറ്റുകളിലും സ്‌ഫോടനം നടക്കും. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഫ്‌ളാറ്റുകളും നിലംപതിക്കും

നാളെ രാവിലെ 9 മണിക്ക് മുമ്പായി ഒഴിയാനാണ് പരിസരവാസികൾക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ആൽഫ സെറീൻ ഫ്‌ളാറ്റിന് സമീപം വിള്ളൽ കണ്ടെത്തിയ മതപഠന കേന്ദ്രത്തിലുണ്ടായിരുന്ന 43 കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. ഫ്‌ളാറ്റുകൾക്ക് സമീപത്ത് നിന്നും പലരും വീടൊഴിഞ്ഞു പോയിട്ടുണ്ട്.

സുരക്ഷക്കായി 2000 പോലീസുകാരെയാണ് സ്‌ഫോടന ദിവസം മേഖലയിൽ വിന്യസിക്കുന്നത്. ഒമ്പത് മണിക്ക് ശേഷം ഓരോ വീട്ടിലും കയറി പോലീസ് ഇവർ ഒഴിഞ്ഞുപോയിട്ടുണ്ടോയെന്ന് പരിശോധിക്കും. അര മണിക്കൂർ മുമ്പ് ഫ്‌ളാറ്റുകളിലേക്കുള്ള ഇടറോഡുകളിലെ ഗതാഗതം തടയും. ആംബുലൻസുകളും ഫയർ എൻജിനുകളും സജ്ജീകരിക്കും.