{"vars":{"id": "89527:4990"}}

തിരുവനന്തപുരം സിപിഐയിലും കൂട്ടരാജി; മീനാങ്കലിൽ നൂറിലധികം പേർ പാർട്ടി വിട്ടു
 

 

കൊല്ലത്തെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും സിപിഐയിൽ നിന്ന് കൂട്ടരാജി. തിരുവനന്തപുരം മീനാങ്കലിലാണ് നൂറിലധികം പേരാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സംഘടനാവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി മുൻ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. 

ആലപ്പുഴയിൽ നടന്ന സംസ്ഥാന കൗൺസിലിലാണ് മീനാങ്കൽ കുമാറിനെ ഇനിയും കൗൺസിലിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. അന്ന് മുതൽ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന മീനാങ്കൽ കുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു

ഇതിൽ പ്രതിഷേധിച്ചാണ് മീനാങ്കലിൽ നൂറിലധികം പേർ രാജിവെച്ചത്. ഇന്നലെ കൊല്ലം കടയ്ക്കലിലും നൂറിലധികം പേർ സിപിഐയിൽ നിന്ന് രാജിവെച്ചിരുന്നു. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് പാർട്ടി വിട്ടത്.