താമരശ്ശേരിയിൽ പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറിയിൽ വൻ തീപിടിത്തം; വാഹനമടക്കം കത്തിപ്പോയി
Jan 1, 2026, 08:29 IST
താമരശ്ശേരിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. പ്ലാന്റും കെട്ടിടവും പിക്കപ് വാനും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. തീപിടിത്തമുണ്ടായ സമയത്ത് ഫാക്ടറിൽ തൊഴിലാളികൾ ആരുമുണ്ടായിരുന്നില്ല.
പല സ്ഥലങ്ങളിൽ നിന്ന് മാലിന്യങ്ങൾ എത്തിച്ച് സംസ്‌കരിക്കുന്ന ഇടമാണിത്. ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിലേക്കും തീ പടർന്നതായാണ് വിവരം. ഓഫീസ് ഉൾപ്പെടുന്ന മൂന്നുനില കെട്ടിടം പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തീ നിയന്ത്രണവിധേയമാക്കിയെന്ന് അഗ്നിരക്ഷസേന അധികൃതർ അറിയിച്ചു. തൊട്ടടുത്ത കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്. തീപിടിത്തമുണ്ടായത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്ലാന്റിന് മുന്നിൽ വെച്ച് പടക്കം പൊട്ടിച്ചതായി വിവരമുണ്ട്.