{"vars":{"id": "89527:4990"}}

കായംകുളം കറ്റാനത്ത് വന്‍ തീപിടിത്തം; വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

 

ആലപ്പുഴ കായംകുളം കറ്റാനത്ത് വന്‍ തീപിടിത്തം. വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. കറ്റാനം ജങ്ഷന് സമീപമുള്ള കെപി റോഡില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ സമുച്ചയത്തിലേക്കാണ് തീ പടര്‍ന്നത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഉള്ളതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളിലേക്ക് കയറാന്‍ കഴിഞ്ഞിട്ടില്ല. സമീപത്തെ കടകളിലേക്കും തീ പടരുകയാണ്. രണ്ട് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. മുകളില്‍ ജിമ്മും താഴെ വസ്ത്രവ്യാപാര സ്ഥാപനവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ജിംനേഷ്യത്തിലും താഴത്തെ സ്ഥാപനത്തിലുമൊക്കെ ആളുകള്‍ ഉണ്ടായിരുന്നു. എല്ലാവരും പുറത്തേക്ക് ഇറങ്ങിയോ എന്ന് അറിയാത്തതാണ് ആശങ്കയ്ക്ക് വകയൊരുക്കുന്നത്.

സമീപ ജില്ലകളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ വിളിച്ചു. കായംകുളം. മാവേലിക്കര. അടൂര്‍. കരുനാഗപ്പള്ളി എന്നീ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി.