കാസർകോടേക്കുള്ള രണ്ടാം ഘട്ട വിദഗ്ധ സംഘം കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്

കേരളത്തിൽ കൊവിഡ് ബാധിതർ കൂടുതലുള്ള കാസർകോട് ജില്ലയിലേക്ക് കോട്ടയത്ത് നിന്നുള്ള മെഡിക്കൽ സംഘവുമെത്തും. ബുധനാഴ്ചയാണ് കോട്ടയത്ത് നിന്നുള്ള സംഘം കാസർകോടേക്ക് തിരിക്കുക. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ
 

കേരളത്തിൽ കൊവിഡ് ബാധിതർ കൂടുതലുള്ള കാസർകോട് ജില്ലയിലേക്ക് കോട്ടയത്ത് നിന്നുള്ള മെഡിക്കൽ സംഘവുമെത്തും. ബുധനാഴ്ചയാണ് കോട്ടയത്ത് നിന്നുള്ള സംഘം കാസർകോടേക്ക് തിരിക്കുക.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊവിഡ് രോഗികളെ പരിചരിച്ച ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന വിദഗ്ധ സംഘമാണ് കാസർകോടേക്ക് പോകുന്നത്. ഏപ്രിൽ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പോയ ആദ്യ സംഘത്തിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കാണ് രണ്ടാം സംഘമായി കോട്ടയത്ത് നിന്നുള്ള വിദഗ്ധ സംഘം പോകുന്നത്.

അഞ്ച് അംഗങ്ങളടങ്ങിയ അഞ്ച് സംഘങ്ങളായാണ് കോട്ടയത്ത് നിന്ന് ഇവർ പുറപ്പെടുക. ഓരോ സംഘത്തിലും രണ്ട് ഡോക്ടർമാർ രണ്ട് നഴ്‌സുമാർ, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. കാസർകോടേക്ക് പോകാൻ സ്വയം സന്നദ്ധരായാണ് ഇവരിൽ പലരും എത്തിയത്.

കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി കൊവിഡ് സ്‌പെഷ്യൽ ആശുപത്രിയായി സർക്കാർ മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം വെറും നാല് ദിവസം കൊണ്ട് ഏഴ് കോടി രൂപ ചെലവിട്ടാണ് ആശുപത്രി ആധുനിക സജ്ജീകരണങ്ങൾ അടക്കം പ്രത്യേക കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളിൽ പകുതിയും കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്.