{"vars":{"id": "89527:4990"}}

മേനോന്‍ വിവാദം; അച്ഛന്‍റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം: മുഖ്യമന്ത്രി വി ഡി സതീശന്‍

 

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചതിനെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ലോക്ഭവനിൽ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. വേദിയില്‍ നില്‍ക്കുമ്പോഴാണ് വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് കേള്‍ക്കുന്നത്. അതിനിടയില്‍പ്പോയി തടസ്സപ്പെടുത്താന്‍ കഴിയുമോ. നമ്മള്‍ അറിഞ്ഞുകൊണ്ടല്ല അതെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.

സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പേരിനൊപ്പം മേനോന്‍ എന്ന് പരാമര്‍ശിച്ചതിലും വി ഡി സതീശന്‍ വിശദീകരണം നല്‍കി. അച്ഛന്‍ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച വി ഡി സതീശന്‍ അമ്മയുടെ പേര് പറയാത്തതില്‍ വിഷമം ഉണ്ടെന്നും പറഞ്ഞു. 'ഞാന്‍ എന്റെ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം. അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടമുണ്ട്. ഞാന്‍ എംഎല്‍എ ആകും മുമ്പ് മരിച്ചുപോയവരാണ് രണ്ടുപേരും. എന്റെ മുഴുവന്‍ പേര് വായിച്ചു. പാസ്‌പോര്‍ട്ടില്‍ അങ്ങനെയല്ലേ. മാതാപിതാക്കളെ ഓര്‍ക്കണ്ടേ. അമ്മയെ മനസ്സില്‍ വിചാരിച്ചു. അച്ഛന്റെ പേരും പറഞ്ഞു. അതില്‍ അഭിമാനമാണ്', വി ഡി സതീശന്‍ പറഞ്ഞു.

യുഡിഎഫിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായെന്നും പത്ത് ദിവസം കൊണ്ട് വരുന്ന കോണ്‍ഗ്രസ് പട്ടിക 24 മണിക്കൂറില്‍ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടിക പൂര്‍ത്തിയായപ്പോള്‍ ഗവര്‍ണര്‍ സ്ഥലത്തില്ലെന്ന് അറിയുന്നത് ഇന്നലെയാണ്. അദ്ദേഹം ഇന്നലെ രാത്രിയാണ് തൃശ്ശൂരില്‍ നിന്നും എത്തിയത്. ഇന്ന് രാവിലെ ലിസ്റ്റ് സമര്‍പ്പിച്ചു. തര്‍ക്കമില്ല. മന്ത്രിസഭാ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ യുഡിഎഫ് ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായിരിക്കെ തിണ്ണ നിരങ്ങാന്‍ പോകരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. പണ്ട് നേതാക്കളെ ഉപദേശിച്ചിട്ടുണ്ട് ഇക്കാര്യം. ബിഷപ്പ് ഹൗസില്‍പോയാല്‍ എന്താണ് കുഴപ്പം? ശിവഗിരിയില്‍ പോയി മഠാധിപതികളെ കാണാറുണ്ടല്ലോ. ക്ലീമിസ് ബാവയെപ്പോയി കണ്ടിരുന്നു. നെറ്റോ പിതാവുമായി ഹൃദയബന്ധമുണ്ട്. എനിക്കിഷ്ടമുള്ളവരെപ്പോയി കാണുന്നതില്‍ നിങ്ങള്‍ക്ക് എന്താ പ്രശ്‌നം. തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടാണ് അവരെ കാണാന്‍ പോകുന്നത്. അതിലെന്താണ് കുഴപ്പം. എല്ലാവരെയും ചേര്‍ത്തുപിടിക്കും എന്നും വി ഡി സതീശന്‍ പറഞ്ഞു. വര്‍ഗീയത പറഞ്ഞാല്‍ എതിര്‍ക്കും. മതേതരത്വത്തില്‍ കോംപ്രമൈസ് ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.