ആർത്തവ അവധി: പോസിറ്റീവായ നിർദ്ദേശം, ആവശ്യമുള്ളവർക്ക് അവധിയെടുക്കാം: വിദ്യഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
തിരുവനന്തപുരം: ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റേത് പോസിറ്റീവായ നിര്‍ദ്ദേശമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള സര്‍ക്കാര്‍ സമീപനം എന്താണെന്ന് വ്യക്തമാക്കുന്നതാണ് പ്രഖ്യാപനം. ആര്‍ത്തവ ദിവസങ്ങളില്‍ വലിയ പ്രയാസം അുഭവിക്കുന്ന സ്ത്രീകളുണ്ട്. ചിലര്‍ക്ക് ബെഡ്ഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ മറ്റ് ചിലര്‍ക്ക് സ്മൂത്താകാം. ആവശ്യമുള്ളവര്‍ക്ക് വേണ്ടിവന്നാല്‍ അവധി ഉപയോഗപ്പെടുത്താനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് പ്രഖ്യാപനത്തിലൂടെ ഉദ്ദേശിച്ചത്. അവധികൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടേണ്ടിവരില്ല. ആവശ്യമുള്ളവര്‍ക്ക് അവധി എടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. പിഎം ശ്രീയുടെ ചില വശങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ടതാണ്. ഒപ്പിട്ട കരാറിന്റെ ഭാവി എന്താണെന്ന് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വിഷയമാണ്. എംഒയു റദ്ദാക്കി എന്ന് കാണിച്ച് കത്ത് നല്‍കുക എന്നത് രാഷ്ട്രീയ നിലപാടാണ്. നിയമവശങ്ങള്‍ പരിശോധിക്കും. പിഎം ശ്രീ നടപ്പാക്കേണ്ടതില്ല എന്നതാണ് നിലവിലെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി ഏകീരണത്തില്‍ നിന്ന് വേഗത്തിലൊരു പിന്മാറ്റം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഏകീകരണം സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. നടന്ന പരിഷ്‌കാരങ്ങള്‍ പെട്ടെന്ന് റീവര്‍ക്ക് ചെയ്യണം എന്നില്ല. പോസീറ്റീവായ പരിഷ്‌കാരങ്ങള്‍ തുടരുമെന്നും മന്ത്രി വിശദീകരിച്ചു.
ഇന്നലെയോട് കൂടി എല്ലാ സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്തിയെന്നും മന്ത്രി പറഞ്ഞു. വര്‍ക്ക് നോട്ടുകള്‍ എത്താനുണ്ട്. സാധാരണ ഗതിയില്‍ ജൂണ്‍ പത്തോടെയാണ് വര്‍ക്ക് നോട്ടുകള്‍ എത്തിക്കുക. ഇത്തവണ അതിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. 44 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂളുകളിലേക്ക് തിരികെ എത്തുന്നത്. പഠനരീതിയില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുസ്തകങ്ങളിലൂടെ മാത്രമല്ല, അനുഭവങ്ങളിലൂടെയുള്ള പഠനവും സ്‌കൂളുകളില്‍ ഉണ്ടാകും. അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ സ്ഥിരമായി ഒരു കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.