സീറ്റ് നൽകരുതെന്ന പരാമർശം; പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന മുതിർന്ന നേതാവ് പിജെ കുര്യന്റെ പ്രസ്താവനയിൽ പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. മന്നം ജയന്തിയുടെ ഭാഗമായി ഇരുവരും ഇന്ന് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു
രാഹുലിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്നായിരുന്നു പിജെ കുര്യൻ പറഞ്ഞത്. ഭാഷയും സൗന്ദര്യവും മതിയെന്ന് കരുതുന്ന സ്ഥാനമോഹികളെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. തെരഞ്ഞെടുപ്പിന് മുമ്പ് അഗ്നിശുദ്ധി വരുത്തിയാൽ വീണ്ടും പരിഗണിക്കാമെന്ന് ഒരു വിഭാഗം നേതാക്കൾ രാഹുലിന് വാക്ക് കൊടുത്തിരിക്കെയായിരുന്നു കുര്യന്റെ വിമർശനം
സമീപകാലത്ത് പാർട്ടിക്ക് ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കിയ രാഹുലിനെ മാറ്റി നിർത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നാണ് പിജെ കുര്യൻ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് യുഡിഎഫ് കടക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഇക്കാര്യം പറഞ്ഞത്.